16 ജൂലായ് 2024 ചൊവ്വാഴ്ച്ച

1199 കർക്കിടകം 1

ലക്കം 1 വാല്യം 41

പേജുകള്‍ 3

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

I reminded myself that the best way to win was to not need to win. The best performances are accomplished when you are relaxed and free of doubt.

 Abdul Kalam

(1)

 ഇന്ന് കർക്കടകം ഒന്ന്; രാമായണ മാസാരംഭത്തിന് തുടക്കം!

ഇന്ന് കർക്കടകം ഒന്ന്... മലായാള മാസത്തിലെ അവസാന മാസം. രാമായണ പുണ്യം നിറച്ച് വ്രതശുദ്ധിയിൽ രാമായണ മാസാരംഭത്തിന് ഇന്ന് മുതൽ തുടക്കം കുറിച്ചിരിക്കുകയാണ്. ഭക്തിയുടെയും, തീർത്ഥാടനത്തിന്റെയും പുണ്യമാസത്തിന്റെ തുടക്കമായ ഇന്നുമുതൽ തുഞ്ചന്റെ കിളിമകൾ ചൊല്ലും കഥകൾക്കായി മലയാളികൾ കാതോർക്കും.

അമ്പലങ്ങളിലും വീടുകളിലും രാമ നാമ ധ്വനി മുഴങ്ങുന്ന ധന്യമാസമാണ് കർക്കടകം. ഒപ്പം മലയാളികളുടെ കലണ്ടറിലെ അവസാന മാസവും. രാമനാമം ജപിക്കുന്നത് ഹൃദയങ്ങളെ വേണ്ടവിധം ശുദ്ധീകരിക്കുകയും മനുഷ്യരെ മോക്ഷപ്രാപ്‌തിക്ക്‌ അര്‍ഹരാക്കുകയും ചെയ്യുമെന്നാണ് വിശ്വാസം. കോരിച്ചൊരിയുന്ന മഴയും പഞ്ഞക്കർക്കടകത്തിലെ പട്ടിണിയും പഴയപോലെ ഇപ്പോഴില്ലെങ്കിലും എല്ലാ വ്യഥകളും മായ്ക്കുന്ന അക്ഷരവെളിച്ചമായി രാമായണം മലയാളി ഭവനങ്ങളെ പ്രകാശസാന്ദ്രമാക്കുമെന്നതാണ് ഈ മാസത്തെ പ്രത്യേകത.

പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ

പ്രളയസാധ്യത ഇപ്പോളില്ലെന്നും ജാഗ്രത വേണമെന്നും മന്ത്രി കെ രാജൻ. വടക്കൻ കേരളത്തിലും ഇടുക്കിയിലും മഴ കനക്കുമെന്നും അപകട സാധ്യത ഉള്ളവരെ മാറ്റി പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കാനുള്ള നടപടികൾ ഉദ്യോഗസ്ഥർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ മന്ത്രി വിളിച്ച കലക്ടർമാരുടെ യോഗത്തിന് ശേഷം  സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിധാരണ പരത്തുന്ന വാർത്തയോ ദൃശ്യങ്ങളോ പ്രചരിപ്പിക്കരുത്. ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കനത്ത മഴയുടെ പശ്ചാത്തലത്തിൽ പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകളും അംഗണവാടികളും ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല. സ്വകാര്യ ട്യൂഷൻ സെൻ്ററുകൾ ഉൾപ്പെടെ ക്ലാസുകൾ ഒഴിവാക്കേണ്ടതാണ്. കുട്ടികൾ തടയണകളിലും പുഴകളിലും ഇറങ്ങാതെ വീട്ടിൽ തന്നെ സുരക്ഷിതമായി ഇരിക്കാൻ ശ്രദ്ധിക്കേണ്ടതാണെന്നും അറിയിപ്പുണ്ട്.

വീണ്ടും വിമര്‍ശനവുമായി കാസര്‍കോട് എംപി രാജ് മോഹൻ ഉണ്ണിത്താൻ

എയിംസ് കാസർകോട് വരേണ്ടതിനെ കുറിച്ച് മുഖ്യമന്ത്രിയുമായുള്ള ചർച്ചയിൽ പറഞ്ഞുവെന്നും എയിംസ് കോഴിക്കോട് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞതിനെ താൻ ചോദ്യം ചെയ്യുകയായിരുന്നുവെന്നും കാസര്‍കോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. കഴിഞ്ഞ ദിവസം നടന്ന എംപിമാരുടെ യോഗത്തിലാണ് രാജ്മോഹൻ ഉണ്ണിത്താനും പിണറായി വിജയനും തമ്മില്‍ വാക്ക്പോരുണ്ടായത്. കാസര്‍കോട് ജില്ലയെ അവഗണിക്കുന്നുവെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ പരാതിയും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് പ്രശ്നമായത്. കാസർകോട് എയിംസ് കൊണ്ടുവരാൻ ഉമ്മൻ ചാണ്ടി സർക്കാറിൻറെ കാലത്ത് നടന്ന നീക്കം അട്ടിമറിച്ച് മുഖ്യമന്ത്രി കോഴിക്കോട് പദ്ധതി കൊണ്ടുവരാൻ പിടിവാശി കാണിക്കുന്നുവെന്ന് ഉണ്ണിത്താൻ കുറ്റപ്പെടുത്തി. കാസർകോട് – പാണത്തൂർ റെയിൽ പദ്ധതിയുടെ കാര്യത്തില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ തെറ്റാണ്. എന്‍ഒസി കൊടുക്കാം എന്ന് പറയുന്നതല്ലാതെ സർക്കാർ നൽകുന്നില്ല. മുഖ്യമന്ത്രി എന്നോട് തട്ടിക്കയറിയുകയായിരുന്നു. എൻ ഒ സി എം പിയുടെ കൈയ്യിൽ തരാം എന്ന് പിണറായി പറഞ്ഞു. കോഴിക്കോട് എയിംസ് വേണമെന്ന് മുഖ്യമന്ത്രി വാദിക്കുന്നതിൽ നിക്ഷിപ്ത താൽപ്പര്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്താണ് കർക്കടകം…?

കർക്കടകമാസത്തിന്റെ പ്രത്യേകത അറിയാവുന്നവർ ചുരുക്കമാണ്. കർക്കടകം ഒന്ന് രാമായണമാസാരംഭം കൂടിയാണ്. കർക്കടകത്തെ കുറിച്ച് അറിയാ കഥകളിലൂടെ കൂടുതൽ അറിയാം….!!!

കൊല്ലവർഷത്തിലെ 12-മത്തെ മാസമാണ് കർക്കടകം, പഞ്ഞമാസം അഥവാ രാമായണമാസം എന്നും ഇത് അറിയപ്പെടുന്നു . സൂര്യൻ കർക്കടകം രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കർക്കടകമാസം. ജൂലൈ – ഓഗസ്റ്റ് മാസങ്ങൾക്ക് ഇടക്കായി ആണ് കർക്കടക മാസം വരുന്നത്.

കേരളത്തിൽ കനത്ത മഴ ലഭിക്കുന്ന മാസമാണ് കർക്കടകം. അപ്രതീക്ഷിതമായി മഴ പെയ്യുന്നു എന്നതിനാൽ “കള്ളക്കർക്കടകം” എന്ന ചൊല്ലുതന്നെ നിലവിലുണ്ട്. അതിനാൽ ‘മഴക്കാല രോഗങ്ങൾ’ ഈ കാലഘട്ടത്തിൽ കൂടുതലായി ഉണ്ടാകുന്നു. കാർഷിക മേഖലയെ സംബന്ധിച്ചിടത്തോളം വരുമാനമൊന്നുമില്ലാത്ത കാലമായതിനാൽ “പഞ്ഞമാസം” എന്നും വിളിക്കപ്പെടുന്നു.

ഹൈന്ദവ കുടുംബങ്ങളിലും ക്ഷേത്രങ്ങളിലും നടത്തിവരുന്ന ഒരു മാസം നീണ്ടുനിൽക്കുന്ന രാമായണം വായന ഈ മാസമാണ് നടത്താറുള്ളത്. അതോടൊപ്പം ചിലർ വ്രതമെടുക്കുന്നു. അതിനാൽ കർക്കടകത്തിനെ രാമായണമാസം എന്നും അറിയപ്പെടുന്നു. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, കോട്ടയം രാമപുരം ക്ഷേത്രം, മലപ്പുറം രാമപുരം ക്ഷേത്രം എന്നിവ കേന്ദ്രീകരിച്ചു നടക്കുന്ന പ്രസിദ്ധമായ ‘നാലമ്പലദർശനം’ എന്ന തീർത്ഥാടനം ഈ മാസത്തിലാണ് നടക്കാറുള്ളത്.

പണ്ട് കാലത്ത് സ്ത്രീകൾ ദശപുഷ്പം ചൂടിയിരുന്നതും ഈ കാലത്താണ്. മലയാളികൾ ശരീരപുഷ്ടിക്കും ആയുരാരോഗ്യ വർദ്ധനവിനുമായി ഔഷധകഞ്ഞി കഴിക്കുന്നതും ആയുർവേദ/ നാട്ടുവൈദ്യ വിധിപ്രകാരം ‘സുഖചികിത്സ’ നടത്തുന്നതും കർക്കടകത്തിലാണ്. കർക്കടക മാസത്തിൽ ആരോഗ്യ പരിപാലനത്തിനായി കർക്കടകക്കഞ്ഞി കുടിക്കുന്നത് ഇന്ന് ഒരു വലിയ വിപണി തന്നെ ആയിട്ടുണ്ട്. മുക്കുറ്റി, പൂവാം കുറുന്തില, കറുക, നിലപ്പന, കുറുന്തോട്ടി, തുളസി മുതലായ ഔഷധമൂല്യമുള്ള ചെടികളും ഞവരനെല്ലു, മുതിര തുടങ്ങിയ ധാന്യങ്ങളും കർക്കടകക്കഞ്ഞി തയ്യാറാക്കുവാൻ ഉപയോഗിക്കുന്നു. പല ആയുർ‌വ്വേദ കേന്ദ്രങ്ങളും കർക്കടകത്തിൽ ‘എണ്ണത്തോണി’ മുതലായ പ്രത്യേക സുഖചികിൽസയും ഇന്ന് ഒരുക്കുന്നുണ്ട്.

ഇരിവേരി സഹകരണ ബാങ്കിൽ ഒരു കോടിയുടെ വായ്പാ തട്ടിപ്പ്

കണ്ണൂരിലെ ഇരിവേരി സർവീസ് സഹകരണ ബാങ്കിൽ ഒരു കോടി രൂപയുടെ വായ്പാ തട്ടിപ്പ്. 2019ൽ അനുവദിച്ച ബിസിനസ് വായ്പകളിലാണ് ഇരിവേരി സഹകരണ ബാങ്കിൽ ക്രമക്കേട് കണ്ടെത്തിയത്. വ്യാജരേഖകൾ നൽകി ഒരു വ്യക്തിക്ക് വേണ്ടി പത്ത് ലക്ഷത്തിന്‍റെ പത്ത് ബെനാമി വായ്പകൾ ഒരേ ദിവസം അനുവദിച്ചത് കണ്ടെത്തിയതോടെ രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു. വായ്പ ലഭിച്ചവരെല്ലാം അഞ്ചരക്കണ്ടിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഒരേ ദിവസം, അതേ സ്ഥാപനത്തിന്‍റെ രേഖകളിൻമേൽ എല്ലാ വായ്പയും പാസാക്കുകയായിരുന്നു. സ്ഥാപന ഉടമ രാഗേഷിനാണ് ആകെ ഒരു കോടിയുടെ വായ്പ കൈമാറിയത്. തിരിച്ചടവ് മുടങ്ങിയതോടെ പുതിയ ഭരണസമിതി നടത്തിയ പരിശോധനയിൽ ക്രമക്കേട് തെളിഞ്ഞു. ലൈസൻസ് രേഖകളടക്കം വ്യാജമായി നൽകിയാണ് വായ്പ പാസാക്കിയതെന്ന് കണ്ടെത്തുകയായിരുന്നു.

 

കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

ഇവിടെ ക്ലിക്ക് ചെയുക