17 ജൂലായ് 2024 ബുധനാഴ്ച്ച

1199 കർക്കിടകം 2

ലക്കം 1 വാല്യം 42

പേജുകള്‍ 5

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

Excellence is a continuous Process not an Accident.

 Abdul Kalam

(1)

ഒമാന്‍ കപ്പൽ അപകടം;  ഇന്ത്യക്കാരടക്കമുള്ളവരെ തിരയാന്‍ നാവികസേനയും

     
  • എണ്ണക്കപ്പലിലുള്ളത് 16 ജീവനക്കാര്‍</
  • കാണാതായത് പ്രസ്റ്റീജ് ഫാൽക്കൺ കപ്പല്‍ 
  • ഐഎന്‍എസ് തേജും, പി–8i വിമാനവും തിരച്ചിലിന്
  •  

    ഒമാനിൽ എണ്ണ കപ്പൽ മറിഞ്ഞ് കാണാതായ 13 ഇന്ത്യക്കാരടക്കമുള്ളവരെ തിരയാന്‍ നാവികസേനയും. പടക്കപ്പലായ ഐഎന്‍എസ് തേജും ദീര്‍ഘദൂരനിരീക്ഷണ വിമാനമായ പി–8iയെയും ഒമാന്‍ കടലില്‍ വിന്യസിച്ചു. പ്രസ്റ്റീജ് ഫാൽക്കൺ എന്ന കപ്പലാണ് ഒമാന്‍ കടലില്‍ കഴിഞ്ഞ തിങ്കളാഴ്ച മുങ്ങിയത്

    കൊമോറോസ് പതാക വാഹകയായ പ്രസ്റ്റീജ് ഫാൽക്കൺ എണ്ണക്കപ്പലിലുള്ളത് 13 ഇന്ത്യക്കാരും മൂന്ന് ശ്രീലങ്കക്കാരുമടക്കം 16 ജീവനക്കാരാണ്. ഒമാനിലെ പ്രധാന വ്യവസായ തുറമുഖമായ ദുഖമിലെ റാസ് മദ്റാഖയിൽനിന്ന് 25 നോട്ടിക്കൽ മൈൽ തെക്ക് കിഴക്കായാണ് കപ്പൽ മറിഞ്ഞത്. ദുബായിൽനിന്ന് യെമൻ തുറമുഖമായ ഏയ്ഡനിലേക്ക് പുറപ്പെട്ടതായിരുന്നു എണ്ണക്കപ്പല്‍.

    പ്രതിരോധ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് പതിവ് പട്രോളിങ്ങിലുണ്ടായിരുന്ന ഐഎന്‍എസ് തേജെന്ന പടക്കപ്പലും ദീര്‍ഘദൂര നിരീക്ഷണ വിമാനമായ പി–8iയെയും തിരച്ചിലിന് വിന്യസിച്ചത്. എണ്ണക്കപ്പല്‍ മുങ്ങിയയിടത്ത് ഐഎന്‍എസ് തേജ് എത്തിയെന്നാണ് വിവരം. ഒമാന്‍ നാവികസേനയും ഇന്നലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നുണ്ട്. 2007ൽ നിർമിച്ച 117 മീറ്റർ നീളമുള്ള എണ്ണ കപ്പലാണ് പ്രസ്റ്റീജ് ഫാൽക്കൺ

    ഒഴുക്കിൽപെട്ടു; മരക്കൊമ്പില്‍ പിടിച്ച് 10 മണിക്കൂര്‍; 79കാരിക്ക് പുതുജീവന്‍

    ഒറ്റപ്പാലത്തു കരകവിഞ്ഞൊഴുകുന്ന തോട്ടിൽ ഒഴുക്കിൽപെട്ട എഴുപത്തഒന്‍പതുകാരി രക്ഷപ്പെടാനായി മരക്കൊമ്പിൽ പിടിച്ചുനിന്നത് പത്ത് മണിക്കൂർ. ഒറ്റപ്പാലം സൗത്ത് പനമണ്ണ സ്വദേശിനി ചന്ദ്രമതിയാണ് കുത്തിയൊഴുകുന്ന തോട്ടിൽ മരണത്തെ മുഖാമുഖം കണ്ടശേഷം ആശ്വാസ തീരമണഞ്ഞത്

    കർക്കടകപ്പുലരിയിൽ മുങ്ങിക്കുളിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാവിലെ ചന്ദ്രമതി വീടിനു സമീപത്തെ പനമണ്ണ തോട്ടിലേക്ക് പോയത്. ഇക്കാര്യം കുടുംബാംഗങ്ങൾ അറിഞ്ഞിരുന്നില്ല. കൂടെയുണ്ടായിരുന്ന വളർത്തുനായയെ തുരത്താൻ ചെറിയ കല്ലെടുത്ത് എറിഞ്ഞതോടെ ഇവർ നിയന്ത്രണം നഷ്ടപ്പെട്ട് തോട്ടിലെ ഒഴുക്കിൽപ്പെട്ടു. നന്നായി നീന്താനറിയുന്ന ചന്ദ്രമതി അൽപദൂരം ഒഴുകിപ്പോയെങ്കിലും പതിയെ നിയന്ത്രണം വീണ്ടെടുത്തു. ഇതിനിടെയാണ് തോട്ടിലേക്ക് ചരിഞ്ഞു നിൽക്കുന്ന മരക്കൊമ്പ് കച്ചിത്തുരുമ്പായത്. ഇവിടെ കാലൂന്നിനിൽക്കാനും ഇടം ലഭിച്ചു. ഭക്ഷണവും വെള്ളവും പോലുമില്ലാതെ 10 മണിക്കൂർ ഒരേനിൽപ്. ആത്മധൈര്യം മാത്രമായിരുന്നു ഇവർക്കു കൂട്ട്. ഇതിനിടെ തോട്ടിൽ ഒഴുക്ക് വർധിച്ചു കൊണ്ടിരുന്നതായി ചന്ദ്രമതി

    നേരം പുലർന്നതു മുതൽ ബന്ധുക്കളും നാട്ടുകാരും ഇവർക്കായി തിരച്ചിൽ തുടങ്ങിയിരുന്നു. സമൂഹമാധ്യമങ്ങൾ വഴി ഉൾപ്പെടെ അന്വേഷണം ഊർജിതമായി. വൈകിട്ടു നാലോടെ ഒറ്റപ്പാലം പൊലീസ് ബന്ധുക്കളിൽ നിന്നു മൊഴിയെടുത്ത് കേസ് റജിസ്റ്റർ ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണു തോടിന്റെ മറുകരയിലൂടെ തിരഞ്ഞിരുന്ന നാട്ടുകാർ ഇവരെ കണ്ടെത്തിയത്. വടവും മറ്റും ഉപയോഗിച്ച് നാട്ടുകാർ തന്നെ കരയ്ക്കെത്തിച്ചു. പത്ത് മണിക്കൂറോളം അതിജീവനത്തിനായി പോരാടിയ ചന്ദ്രമതിക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ല.

    കാകദൃഷ്ടി നിങ്ങളുടെ മൊബൈലില്‍ ലഭിക്കുവാന്‍

    ഇവിടെ ക്ലിക്ക് ചെയുക

     

     

    ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകും: ആര്യ രാജേന്ദ്രൻ

    ആമയിഴഞ്ചാൻ തോട്ടിൽ അപകടത്തിൽപ്പെട്ട് മരിച്ച ജോയിയുടെ അമ്മയ്ക്ക് നഗരസഭ വീട് വച്ച് നൽകുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. സംസ്ഥാന സർക്കാറിൻ്റെ ധനസഹായത്തിനൊപ്പം നഗരസഭ അദ്ദേഹത്തിൻ്റെ മാതാവിനൊപ്പം നിൽക്കുന്നു.

    നാടിനെ നടുക്കിയ സംഭവമാണ് കഴിഞ്ഞദിവസം നടന്നത്. നഗരസഭയ്ക്ക് പുറത്താണ് ജോയിയുടെ കുടുംബം താമസിക്കുന്നത്. അതുകൊണ്ടു തന്നെ തീരുമാനം നഗരസഭ കൌൺസിൽ ചേർന്ന് ഔദ്യോഗികമായി അറിയിക്കും.

    നഗരസഭ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. പൊതു സ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയരുന്നത് എന്ന് പറയുന്ന അതേ സമയത്ത് റെയിൽവേ മാലിന്യ സംസ്കരണത്തിന് എന്ത് മാർഗ്ഗം സ്വീകരിക്കുന്നു എന്നുള്ളത് ഇതുവരെ വ്യക്തമാക്കിയിട്ടില്ലെന്നും മേയർ ചൂണ്ടിക്കാട്ടി.

    സമരം നടത്തുന്നത് രാഷ്ട്രീയ ലക്ഷ്യമുള്ളവരാണ്. നഗരസഭ ചെയ്യേണ്ടതെല്ലാം ചെയ്യുന്നുണ്ട്. സർക്കാരും ഒപ്പമുണ്ട്. അപകടമുണ്ടായപ്പോൾ പോലും രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ നോക്കിയവരാണ്. അവരാണ് സമരം ചെയ്യുന്നതെന്നും മേയർ ചൂണ്ടിക്കാട്ടി.

    എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു

    എച്ച് വൺ എൻ വൺ ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സൈഫുന്നീസ (47)ആണ് മരിച്ചത്. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലാണ് മരണം. വായുവിലൂടെ പകരുന്ന പനിയാണ് എച്ച് വൺ എൻ വൺ. 100 ഡിഗ്രിക്കു മേൽ പനി, ചുമ, തൊണ്ടവേദന, ശരീരവേദന, ക്ഷീണം, ഛർദി എന്നിവയാണ് ആദ്യഘട്ട ലക്ഷണങ്ങൾ.

    ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവർക്ക് രോഗം കടുക്കാൻ സാധ്യതയുണ്ട്. ധാരാളം വെള്ളം കുടിക്കുന്നതും പോഷകാഹാരവും വിശ്രമവും രോഗം എളുപ്പത്തിൽ ഭേദമാക്കും. കൈകൾ സോപ്പുപയോഗിച്ച് കഴുകണം, യാത്രയ്‌ക്കുശേഷം ഉടൻ കുളിക്കണം, ധാരാളം വെള്ളം കുടിക്കണം, പോഷകമൂല്യമുള്ള ഭക്ഷണം കഴിക്കണം, ശരിയായ ചികിൽസ തേടണം.