ആഗസ്റ്റ് 2024

തിങ്കളാഴ്ച

1199 കർക്കിടകം 28

ലക്കം 1 വാല്യം 64

പേജുകള്‍: 1   2  3   4

നിഷ്പക്ഷം, വാസ്തവം, സുതാര്യം, കൃത്യത

എനിക്കുണ്ടൊരു ലോകം

നിനക്കുണ്ടൊരു ലോകം

നമുക്കില്ലൊരു ലോകം...!

 

കുഞ്ഞുണ്ണി മാഷ്.

 

(3)

12

ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി അര്‍ജുന്‍റെ കുടുംബം

ഉത്തര കന്ന‍ഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമര്‍ശനവുമായി ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അര്‍ജുന്‍റെ കുടുംബം. അര്‍ജുനെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താൻ കഴിയാതെ തെരച്ചിൽ അനിശ്ചിതമായി വൈകുന്നുവെന്നും, രണ്ടു ദിവസത്തിനുള്ളിൽ തെരച്ചില്‍ വീണ്ടും ആരംഭിച്ചില്ലെങ്കില്‍ അര്‍ജുന്‍റെ കുടുംബം ഒന്നടങ്കം ഷിരൂരിലെത്തി പ്രതിഷേധം ആരംഭിക്കുമെന്ന് അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് വ്യക്തമാക്കി. ഇന്ന് വൈകിട്ട് താൻ ഷിരൂരിലേക്ക് പോവുകയാണെന്നും കളക്ടറെയും എംഎല്‍എയെയും കാണുമെന്നും അദ്ദേഹം പറഞ്ഞു. ഈശ്വര്‍ മല്‍പെ സ്വമേധയാ തെരച്ചില്‍ നടത്താൻ സന്നദ്ധനായി വന്നിട്ടും ജില്ലാ ഭരണകൂടമോ പൊലീസോ അനുമതി നല്‍കുന്നില്ല. കാലാവസ്ഥ ഇപ്പോൾ അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.

പി വി അൻവർ എംഎൽഎ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ചതെല്ലാം പൊളിച്ച് നീക്കാൻ ഉത്തരവ്

ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്ന് കോഴിക്കോട് കക്കാടംപൊയിലിൽ പി വി അൻവർ എംഎൽഎ അരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിർമ്മിച്ച നിർമ്മിതികൾ ഒരു മാസത്തിനകം പൊളിച്ച് നീക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. ഒരുമാസത്തിനകം നിർമ്മാണങ്ങൾ പൊളിച്ചുനീക്കി പൂർവ്വ സ്ഥിതിയിലാക്കണം എന്നാണ് നിര്‍ദേശം. ഉടമസ്ഥർ ചെയ്തില്ലെങ്കിൽ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി പൊളിച്ച് നീക്കണമെന്നും, അതിന്റെ ചിലവ് ഉടമസ്ഥരിൽ നിന്നും ഈടാക്കണമെന്നും ഉത്തരവിലുണ്ട്. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷമാണ് കളക്ടറുടെ ഉത്തരവ്. പ്രകൃതിദത്തമായ നീർച്ചാലുകൾക്ക് കുറുകെ നിർമ്മാണ പ്രവർത്തികൾ നടത്തി, കാട്ടരുവിയുടെ സ്വതന്ത്രമായ ഒഴുക്കിന് തടസ്സമുണ്ടാക്കിയെന്നും കാലവർഷത്തിൽ ഇത് ദുരന്തത്തിന് വഴിവെക്കുമെന്നും കാണിച്ചാണ് പൊളിച്ചു നീക്കാനുള്ള കളക്ടറുടെ ഉത്തരവ്.

പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു

നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് ഹൈക്കോടതി വിധിച്ച പിഴ സുപ്രീംകോടതി സ്റ്റേ ചെയ്തു. ആവർത്തിച്ച് ജാമ്യാപേക്ഷ നൽകിയതിന് 25000 രൂപയായിരുന്നു ഹൈക്കോടതി സുനിക്ക് പിഴ വിധിച്ചിരുന്നത്. അതോടൊപ്പം ആരോഗ്യപരമായ പ്രതിസന്ധികൾ ചൂണ്ടിക്കാട്ടി സുനി നൽകിയ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു. ജാമ്യാപേക്ഷ സെപ്റ്റംബറിൽ പരിഗണിക്കാം എന്നായിരുന്നു കോടതി ആദ്യം വ്യക്തമാക്കിയത്. എന്നാൽ സുനി ഹാജരാക്കിയ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ ഉൾപ്പടെ പരിശോധിച്ച ശേഷം ഈ മാസം 27 ന് ജാമ്യാപേക്ഷ പരിഗണിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് സിബിഐ അറസ്റ്റിനെ ചോദ്യംചെയ്ത് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചു. സിബിഐ അറസ്റ്റ് ശരിവെച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്താണ് കെജ്‌രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി.കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26-നാണ് കെജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തത്. ജൂലായ് 12-ന് ഇ.ഡി.കേസില്‍ സുപ്രീം കോടതി അദ്ദേഹത്തിന് ഇടക്കാല ജാമ്യം അനുവദിച്ചു. എന്നാല്‍, സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയ സാഹചര്യത്തില്‍ കെജ്‌രിവാളിന് ജയില്‍മോചിതനാകാന്‍ സാധിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് സിബിഐ അറസ്റ്റ് ചോദ്യംചെയ്തും ജാമ്യം ആവശ്യപ്പെട്ടും കെജ്‌രിവാള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. കെജ്‌രിവാളിന്റെ അഭിഭാഷകനായ മനു അഭിഷേക് സിങ്‌വി അടിയന്തര ലിസ്റ്റിങ്ങിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ ഇന്ന് വിഷയം പരാമര്‍ശിച്ചു. ഇ-മെയില്‍ അപേക്ഷ പരിശോധിച്ച് തീയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് പറഞ്ഞു.

  • വാർത്തകള്‍ ചുരുക്കത്തിൽ ...........
  • സെബി ചെയര്‍പേഴ്സണ്‍ മാധബി ബുച്ചിനെതിരെ വീണ്ടും ഹിന്‍ഡന്‍ ബര്‍ഗ്. ഏത് അന്വേഷണത്തെയും നേരിടാന്‍ മാധബി തയ്യാറാകുമോയെന്നും സിംഗപൂര്‍ കമ്പനി ഇടപാട് നടത്തിയവരുടെ വിവരങ്ങള്‍ പുറത്ത് വിടുമോയെന്നുമാണ് ചോദ്യം. റിപ്പോര്‍ട്ടില്‍ ഉന്നയിച്ച വാദങ്ങളെ പലതും മാധബിയുടെ വിശദീകരണം സാധൂകരിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടുന്നു.
  • അദാനിക്ക് പങ്കാളിത്തമുള്ള നിഴല്‍കമ്പനികളില്‍ സെബി ചെയര്‍പേഴ്സണ്‍ മാധബി പുരി ബുച്ചിന് നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിന്‍ഡന്‍ബര്‍ഗ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം നിഴല്‍ സ്ഥാപനങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ സെബിക്കായില്ലെന്ന് നേരത്തെ സുപ്രീംകോടതി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തില്‍ നിഴല്‍ കമ്പനികളെ കുറിച്ച് സെബി ചെയര്‍പേഴ്‌സണ് അറിവുണ്ടായിരുന്നുവെന്ന സൂചനയാണ് ശക്തമാകുന്നത്.
  • ഹിന്‍ഡന്‍ബര്‍ഗ് ആരോപണത്തില്‍ സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷണം ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പോരാട്ടം ശക്തിപ്പെടുത്തുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും വിഷയത്തില്‍ ശക്തമായ സമ്മര്‍ദം ഉയര്‍ത്തും. സെബിക്കെതിരെ ഇത്രയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിക്കുകയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.
  • ‍‍‍‍‍ഹിന്‍ഡന്‍ബര്‍ഗിന്റെ പുതിയ റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം ഇന്ന് ഓഹരി വിപണി നഷ്ടടത്തിലാണ് ആരംഭിച്ചത്. അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കുത്തനെ ഇടിഞ്ഞു. പല നിക്ഷേപകരും പിന്‍വാങ്ങിയതോടെ 7% വരെ ഇടിവാണ് അദാനി ഓഹരികളിലുണ്ടായത്. ഇതോടെ നിക്ഷേപകര്‍ക്ക് ഏകദേശം 53,000 കോടി രൂപ നഷ്ടപ്പെട്ടു, 10 അദാനി ഓഹരികളുടെ മൊത്തം വിപണി മൂലധനം 16.7 ലക്ഷം കോടി രൂപയായി കുറഞ്ഞു.
  • മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ സംബന്ധിച്ച് നിലവില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. അനാവശ്യ പ്രചരണങ്ങള്‍ ഒഴിവാക്കണമെന്നും, മുല്ലപ്പെരിയാറില്‍ പുതിയ ഡാം എന്നതാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. ഡാം തുറക്കേണ്ടി വന്നാല്‍ മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്നും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്യുമെന്നും, ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
  • വയനാട്ടിലെ ദുരന്തമേഖലയിലെ ജനങ്ങള്‍ക്കായി പുനരധിവാസമല്ല, നവ അധിവാസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മനസിലുള്ളതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അവര്‍ ആഗ്രഹിക്കുന്ന പോലെ അപകട രഹിതമായൊരു ജീവിതം എങ്ങനെയാണ് സമ്മാനിക്കാന്‍ കഴിയുക എന്നാണ് കേന്ദ്രം ആലോചിക്കുന്നത്. പുനരധിവാസം മാത്രമല്ല അവരുടെ ഉപജീവനത്തിന് വേണ്ടി അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ കാര്യങ്ങള്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
  • വയനാട് ദുരന്തത്തില്‍ കാണാതായവരുടെയും മരിച്ചവരുടെയും ഡിഎന്‍എ ടെസ്റ്റുമായി ബന്ധപ്പെട്ട ഫലങ്ങള്‍ ഇന്നലെ മുതല്‍ ലഭ്യമായിത്തുടങ്ങിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജന്‍. പൂര്‍ണ്ണമായി ഫലം രണ്ട് ദിവസത്തിനുള്ളില്‍ ലഭ്യമാകും. ഇതോടെ കൂടുതല്‍ പേരെ തിരിച്ചറിയാനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
  • ‍‍‍‍‍വയനാട്ടിലെ ദുരന്തബാധിതരുടെ അഭിപ്രായം സ്വീകരിച്ചുകൊണ്ടാണ് ടൗണ്‍ഷിപ്പ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചെയ്യുകയെന്ന് മന്ത്രി മുഹമ്മദ് റിയാസ്. നാലു ഘട്ടങ്ങളിലായാണ് പുനരധിവാസം തീരുമാനിച്ചിട്ടുള്ളത്. ബന്ധുവീട്ടില്‍ പോവാന്‍ താല്‍പ്പര്യമുള്ളവര്‍, സ്വന്തം നിലയില്‍ വാടക വീട്ടിലേക്ക് മാറുന്നവര്‍, സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി വാടകവീട്ടിലേക്ക് മാറുന്നവര്‍, സര്‍ക്കാര്‍ സംവിധാനങ്ങളിലെ വാടകവീടുകള്‍ എന്നിങ്ങനെയാണതെന്ന് അദ്ദേഹം പറഞ്ഞു.
  • വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട നാശനഷ്ടത്തിന്റെ കണക്കുകള്‍ എത്രയും പെട്ടെന്ന് സംസ്ഥാനം കേന്ദ്രത്തിന് നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. ആവശ്യപ്പെടുന്ന മുഴുവന്‍ പണവും കേന്ദ്രം സംസ്ഥാനത്തിന് നല്‍കണം. കൂടാതെ പ്രധാനമന്ത്രി നല്‍കിയ വാക്ക് പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
  • വയനാട് ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് 2 ശരീര ഭാഗങ്ങള്‍ കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയില്‍ നിന്നും ചാലിയാര്‍ കൊട്ടുപാറ കടവില്‍ നിന്നുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയില്‍ അടക്കം ഇന്നും തെരച്ചില്‍ തുടരുകയാണ്. ഏഴ് സംഘങ്ങളായാണ് കലക്കന്‍ പുഴ മുതല്‍ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചില്‍ നടത്തുന്നത്. ഫയര്‍ഫോഴ്സ്, എന്‍ഡിആര്‍എഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ വിവിധയിടങ്ങളിലെ തെരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.
  • കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ അര്‍ജുന് വേണ്ടിയുള്ള പുഴയിലെ തെരച്ചില്‍ അവസാനിപ്പിക്കില്ലെന്നും തുടരുമെന്നും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍. എന്നാല്‍ തെരച്ചില്‍ നടത്തുന്നതില്‍ പ്രതിസന്ധിയുണ്ടെന്നും ഗംഗാവലി പുഴയില്‍ ശക്തമായ ഒഴുക്ക് തുടരുന്നതാണ് ഇപ്പോഴത്തെ വെല്ലുവിളിയെന്നും ഡി.കെ.ശിവകുമാര്‍ വ്യക്തമാക്കി.
  • കോഴിക്കോട് കക്കാടംപൊയിലില്‍ പി വി അന്‍വര്‍ എംഎല്‍എ കാട്ടരുവിയുടെ ഒഴുക്ക് തടസ്സപ്പെടുത്തി നിര്‍മ്മിച്ച നിര്‍മ്മിതികള്‍ പൊളിച്ച് നീക്കാന്‍ ഉത്തരവ്. രണ്ട് തവണയായി നടത്തിയ തെളിവെടുപ്പിന് ശേഷം ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഒരു മാസത്തിനകം പൊളിച്ച് നീക്കാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്.
  • ലോക്സഭാ തെരഞ്ഞെടുപ്പ് തോല്‍വിയുടെ പാപഭാരം കഴുകി കളയണമെന്ന നിര്‍ദ്ദേശവുമായി കോണ്‍ഗ്രസ് തൃശ്ശൂര്‍ ജില്ലാ നേതൃ ക്യാമ്പില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തോല്‍വിയുടെ ഭാരം മറികടക്കാനുള്ള സുവര്‍ണാവസരമാണ് ചേലക്കര എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പുറത്തുനിന്നുള്ളവര്‍ തോല്‍വിയുടെ പേരില്‍ തൃശ്ശൂരിലെ നേതാക്കളെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് നോക്കിക്കാണുന്നത്. ആ പാപഭാരം മറികടക്കാനുള്ള ശ്രമം നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. തൃശ്ശൂരിലെ തോല്‍വിയെ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഉചിത നടപടി ഉണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
  • നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്. കേസ് ഓഗസ്റ്റ് 27 ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ സുനി ഹര്‍ജി സമര്‍പ്പിച്ചത്. നേരത്തെ സുനി നല്‍കിയ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്.
  • കാസര്‍കോട് കുണ്ടടുക്കത്ത് ദേശീയ പാതയോരത്ത് വീണ്ടും മണ്ണിടിച്ചില്‍. അശാസ്ത്രീയമായ രീതിയിലുള്ള ദേശീയ പാതാ നിര്‍മ്മാണമാണ് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. നേരത്തെ റോഡരികില്‍ മണ്ണെടുത്ത ഭാഗത്ത് വിള്ളല്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇതു വഴിയുള്ള വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചിരുന്നു. കുന്നിടിച്ച് റോഡ് വീതി കൂട്ടുന്നതിനിടെയാണ് സര്‍വീസ് റോഡ് ഇടിഞ്ഞുതാണത്.
  • തിരുവനന്തപുരം നാവായിക്കുളം സ്വദേശിനിയായ 24കാരിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചു. കേരളത്തില്‍ ഒരു സ്ത്രീക്ക് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിക്കുന്നത് ഇതാദ്യമാണ്. നെല്ലിമൂട്, പേരൂര്‍ക്കട സ്വദേശികള്‍ക്ക് പിന്നാലെയാണ് മൂന്നാമതൊരു സ്ഥലത്ത് രോഗബാധ സ്ഥിരീകരിക്കുന്നത്.