|
പാലക്കാട് സിപിഎം നേതാവിനെ മര്‍ദിച്ച പൊലിസുകാരന് സസ്പെന്‍ഷന്‍. മങ്കര സ്റ്റേഷനിലെ സീനിയര്‍ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തത്. വിഷയത്തില്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വകുപ്പുതല അന്വേഷണവും നടക്കും. മങ്കര ബ്രാഞ്ച് കമ്മിറ്റി അംഗം കെ ഹംസയ്ക്കാണ് മര്‍ദനമേറ്റത്. നേരത്തെ, പൊലീസുകാരനെതിരെ ദുര്‍ബല വകുപ്പാണ് ചുമത്തിയതെന്ന് ആക്ഷേപമുണ്ടായിരുന്നു.
വയനാട് ദുരിതാശ്വാസത്തിന്റെ പേരിലുണ്ടായ പണപ്പിരിവിനെച്ചൊല്ലി കോഴിക്കോട്ടെ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം. കെഎസ്യു സംസ്ഥാന നേതാവിന്റെ പേരില്‍ പണം പിരിച്ച ശേഷം യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് തുക വകമാറ്റി ചെലവഴിച്ചെന്ന് കാണിച്ച് മണ്ഡലം പ്രസിഡന്റ്, സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. യൂത്ത് കോണ്‍ഗ്രസ് ചേളന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് അശ്വിന്‍ എടവലത്ത്, പ്രവര്‍ത്തകനായ അനസ് എന്നിവര്‍ വയനാട് ദുരിതാശ്വാസത്തിന്റെ പേരില്‍ പിരിവ് നടത്തിയതായാണ് മണ്ഡലം പ്രസിഡന്റ് അജല്‍ ദിവാനന്ദ് സംസ്ഥാന നേതൃത്വത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്.
തുമ്പമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് നടന്നെന്ന് ആരോപിച്ച് കോണ്‍ഗ്രസ്. സി.പി.എം. ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ഇതുമായി ബന്ധപ്പെട്ട ദൃശ്യം പുറത്തുവിട്ടത്. തിരഞ്ഞെടുപ്പില്‍ തുമ്പമണ്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് മാത്രമാണ് വോട്ടവകാശമുള്ളത്. എന്നാല്‍, ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് സി.പി.എം. പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കി വോട്ട് രേഖപ്പെടുത്തിയെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
നവജാത ശിശുവിനെ കുഴിച്ചുമൂടിയ സംഭവത്തില്‍ ആണ്‍സുഹൃത്തിനെ സഹായിച്ച സുഹൃത്തും അറസ്റ്റില്‍. തകഴി സ്വദേശിയാണ് അറസ്റ്റിലായത്. ആണ്‍സുഹൃത്തിനെ ഇന്നലെ റിമാന്‍ഡ് ചെയ്തിരുന്നു. അമ്മ ആശുപത്രിയില്‍ പൊലീസ് കസ്റ്റഡിയില്‍ ആണ്. ഇതോടെ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. കൊലപാതകം ആണോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്ന് പൊലീസ് പറഞ്ഞു.
വയനാട് മാനന്തവാടിയില്‍ ബിരിയാണിക്ക് ഒപ്പം നല്‍കിയ സാലഡില്‍ നിന്ന് സിം കാര്‍ഡ് കിട്ടിയെന്ന് പരാതി. മാനന്തവാടി സ്വദേശി സോബിന്‍ വാങ്ങിയ മൂന്നു ബിരിയാണികളില്‍ ഒന്നിലെ സാലഡിലാണ് സിം കാര്‍ഡ് കിട്ടിയത്. സംഭവത്തില്‍ ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. എന്നാല്‍ എങ്ങനെയാണ് ഭക്ഷണത്തില്‍ സിം കാര്‍ഡ് അകപ്പെട്ടതെന്ന് പരിശോധിക്കുക യാണെന്ന് ഹോട്ടല്‍ അധികൃതര്‍ പ്രതികരിച്ചു.
നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി രണ്ടുപേര്‍ക്ക് പരിക്ക്. കേച്ചേരി മഴുവഞ്ചേരി സെന്ററില്‍ നെടുമ്പാശേരിയില്‍ നിന്നും കുന്നംകുളം ഭാഗത്തേക്ക് വരികയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുന്നംകുളം കിഴൂര്‍ സ്വദേശി പണിക്കവീട്ടില്‍ ആമിനകുട്ടി, മകന്‍ ഷെഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘ദ പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘രേഖാചിത്രം’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ആസിഫ് അലിയും, അനശ്വര രാജനുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍ ആണ് സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. മഠത്തില്‍ മരണപ്പെടുന്ന സിസ്റ്ററിന്റെ ജെവേതവും തുടര്‍ന്നുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രേമയമെന്നാണ് ഫസ്റ്റ് ലുക്ക് തരുന്ന സൂചനകള്‍. ‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്കും റീലീസിന് തയ്യാറെടുക്കുന്ന ‘ആനന്ദ് ശ്രീബാല’യ്ക്കും ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും ഒന്നിക്കുന്ന സിനിമയാണിത്. രാമു സുനില്‍, ജോഫിന്‍ ടി ചാക്കോ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ തിരക്കഥ രചിക്കുന്നു. മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദിഖ്, ജഗദീഷ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധികോപ്പ, മേഘ തോമസ്, ‘ആട്ടം’ സിനിമയിലൂടെ കൈയടി നേടിയ സെറിന്‍ ശിഹാബ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.
ഉത്തരേന്ത്യയിലെ നാല് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം മഴ മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍, അസം, മേഘാലയ, ബീഹാര്‍ എന്നീ 4 സംസ്ഥാനങ്ങളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രണ്ടു ദിവസത്തിനിടെ ഉത്തരേന്ത്യയില്‍ മഴക്കെടുതിയില്‍ 32 പേര്‍ മരിച്ചതായാണ് കണക്ക്. രാജസ്ഥാനില്‍ വിവിധ ജില്ലകളിലായി മഴക്കെടുതിയില്‍ 22 പേര്‍ മരിച്ചെന്ന് സര്‍ക്കാര്‍ അറിയിച്ചു.
|